തടവറയിലെ കൂട്ടുകാരന്‍ (ഒന്നാം ഭാഗം)
എന്തെ ആളുകള്‍ ഇങ്ങനെ ചിന്നി ചിതറി ഓടുന്നെ ?
കൂടെ ജോലി ചെയ്യുന്ന കൂട്ടുകാരനോട് ആരാഞ്ഞു ..അറിയില്ല അവന്‍ കൈ കൊണ്ട് ആങ്ങ്യംകാണിക്കുന്നു ,എന്നാലും എന്തായിരിക്കും?
ഞാന്‍ കടയുടെ വെളിയില്‍ ഇറങ്ങി ,പെട്ടന്ന് പിറകില്‍ നിന്ന് ആരോ വലിക്കുന്നത് പോലെ തിരിഞ്ഞു നോക്കി ,കണ്ടാല്‍ ഒരു അറബ് വംശജനാണെന്ന് തോനുന്നു .ഞാന്‍ അയാളുടെ മുഖത്തേക്ക് നോക്കിയതും അടുത്ത പിടി കഴുത്തിനായിരുന്നു.അവന്‍ എന്തൊക്കെയോ എന്നോട് ചോതിക്കുന്നു എനിക്കൊന്നും മനസ്സിലാവുന്നില്ല ഞാന്‍ എന്റെ കൂട്ടുകാരന്റെ മുഖത്തേക്ക് മെല്ലെ മുഖം തിരിച്ചു അപ്പോഴാണ് കാണുന്നത് അവന്റെ കഴുത്തിനും ഒരാള്‍ പിടിച്ചിരിക്കുന്നു അവന്‍ എന്നോട് പറഞ്ഞു , ഇഖാമ ( ഇവിടെ ജോലി ചെയ്യുവാന്‍ അനുവാദമുള്ള രേഖ) അവര്‍ ചോതിക്കുന്നത് ..ഇല്ല എന്ന് പറഞ്ഞേക്ക് ഇല്ലങ്കില്‍ കുഴാപ്പമാകും. പതിയെ ഉള്ള അവന്റെ സ്വരത്തില്‍ നിന്നും എന്തോ പന്തികേടുണ്ടെന്ന് മനസ്സിലായി കഴുത്തില്‍ പിടിച്ചിരിക്കുന്നത് പോലിസ് ആണെന്നും ....ഞാന്‍ പറഞ്ഞു "ഇല്ല" അയാള്‍ എന്നെ ഒന്ന് ഇരുത്തി നോക്കിയിട്ട് വാഹനത്തിലോട്ടു വലിച്ചു കേറ്റി കൂടെ എന്റെ കൂട്ടുകാരനെയും , അവര്‍ ഓരോ കടകളിലും കേറിയിറങ്ങി പരിശോധന നടത്തുന്നു .....
ഞാന്‍ കൂട്ടുകാരന്റെ മുഖത്തേക്ക് നോക്കി ,അവന്‍ ആകെ പരിഭ്രമിച്ചിരിക്കുന്നു ,എന്താണിതൊക്കെ ? അവന്‍ പറഞ്ഞു ,നമ്മള്‍ ഈ കടയില്‍ ജോലി ചെയ്യുന്നത് നിയമപരമായി തെറ്റാണ് ..അപ്പോഴാണ് കാര്യത്തിന്റെ ഗൌരവം എനിക്ക് മനസ്സിലായത് . ഇനി എന്ത് ചെയ്യും ? 'ഇഖാമ "നീ വേഗം മാറ്റി വെക്ക് അവര്‍ ചോതിച്ചാല്‍ ഇല്ല എന്ന് മാത്രം പറയുക .അവന്‍ പറഞ്ഞത് പോലെ ഞാന്‍ ചെയ്തു .ഇങ്ങനെയുള്ള കാര്യങ്ങളില്‍ എന്റെ സ്പോന്‍സര്‍ ഇടപെടില്ല എന്നെനിക്കറിയാം .കുറച്ചു കയിഞ്ഞു മുന്നു പേരെ കൂടി വാഹനത്തിലേക്ക് വലിച്ചു കേറ്റി കൂടെ നിയമപാലകരും കേറി വാഹനം നീങ്ങി തുടങ്ങി ....... എങ്ങോട്ടാണീ യാത്ര ? അറിയില്ല ...യാത്ര തുടര്‍ന്ന് കൊണ്ടേയിരുന്നു ......
നാട്ടില്‍ നിന്ന് വന്നിട്ട് അഞ്ചു മാസമേ ആവുന്നുള്ളൂ ,തലയ്ക്കു മീതെ കടവുമായി ഇങ്ങോട്ട് യാത്ര തിരിക്കുമ്പോള്‍ മനസ്സില്‍ ഒരുപാട് കണക്കു കൂട്ടലുകള്‍ ഉണ്ടായിരുന്നു .ദൈവമേ എങ്ങോട്ടാണീ യാത്ര ............രണ്ടു മണിക്കൂര്‍ യാത്ര ചെയ്തു ഒടുവില്‍ ഒരു വലിയ പാലത്തിനു ചുവട്ടില്‍ വാഹനം നിന്നു. ഞങ്ങളെ ഓരോരുത്തരായി വാഹനത്തില്‍ നിന്നും ഇറക്കി ,അവിടെയും ഞങ്ങളെപ്പോലെ കുറെ പേര്‍ ഉണ്ടായിരുന്നു .വിവിധ ദേശക്കാര്‍ ഞങ്ങള്‍ കുറച്ചു മലയാളികള്‍ മാത്രം മറ്റുള്ളവര്‍ അറബിയും ഉറുദുവും എല്ലാം സംസാരിക്കുന്നു ,അല്പം കയിഞ്ഞപ്പോയെക്കും ഒരു വലിയ ബസ് വന്നു നിന്നു എല്ലാവരെയും അതിലോട്ടുകേറ്റി,ബസ് നീങ്ങി തുടങ്ങി വീണ്ടും യാത്ര തുടര്‍ന്നു . ഞങ്ങളുടെ എല്ലാവരുടെയും പേരും വിലാസവും എഴുതുന്ന തിരക്കിലാണ് നിയമപാലകര്‍ ..
സമയം അര്‍ധരാത്രിയും പിന്നിട്ടിരിക്കുന്നു ,മരുഭുമിയിലൂടെയുള്ള യാത്ര ..ഇടയ്ക്കു പൊടിക്കാറ്റ് അടിച്ചുകൊണ്ടിരുന്നു ,വീധികളിലെ നേരിയ വെട്ടത്തില്‍ ദൂരെ ഏതൊ കൂറ്റന്‍ മതിലുകള്‍ കാണുന്നു ,വാഹനം മെല്ലെ അങ്ങോട്ട് തിരിയുവാന്‍ തുടങ്ങി ..മതിലുകള്‍ക്ക് നടുവില്‍ ഒരു കൂറ്റന്‍ കവാടം ,കവാടത്തില്‍ പോലീസുകാര്‍ കാവല്‍ നില്‍ക്കുന്നു ,അവര്‍ പതിയെ കവാടം തുറന്നു ,വാഹനം നിറുത്തി ഞങ്ങളെ ഓരോരുത്തരെയും പരിശോധിക്കുവാന്‍ വേണ്ടി രണ്ടു പേര്‍ വന്നു ,ഞാന്‍ എന്റെ രേഖകള്‍ ജെട്ടിക്കുള്ളില്‍ ഭദ്രമാക്കിയിരുന്നു..അടുത്തത് എന്റെ കൂടെ ജോലി ചെയ്തിരുന്ന കൂട്ടുകാരനെയാണ് അവര്‍ ശരീരം മുഴുവന്‍ പരിശോധിക്കുന്നു ,പെട്ടന്ന് അവന്റെ കരണത്ത് ഒരടി ,അവന്റെ ഇഖാമ പിടിച്ചിരിക്കുന്നു ,കള്ളം പറഞ്ഞതിനാണ് ആദ്യത്തെ അടി ..അവനെ വേറെ മാറ്റി നിറുത്തി ..
അടുത്തത് എന്റെ ഊഴം..ശരീരം മുഴുവന്‍ അവര്‍ പരിശോധിക്കുന്നു ,എന്റെ കാല്‍മുട്ടുകള്‍ വിറക്കുകയാണ് ,ചങ്ക് ഇടറുകയാണ്, ശബ്ദം പുറത്തേക്കു വരുന്നേ ഇല്ല , വായിലെ വെള്ളം വറ്റി തുടങ്ങിയിരിക്കുന്നു ...എന്നില്‍ മാത്രം പ്രതീക്ഷയര്‍പിച്ചു ഒരുപാട് സ്വപ്‌നങ്ങള്‍ കണ്ടു കാത്തിരിക്കുന്ന എന്റെ ഉമ്മയെ ഒരു നിമിഷം ഞാന്‍ മനസ്സില്‍ ഓര്‍മിച്ചു . എന്റെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങിയിരിക്കുന്നു ,കുറച്ചു കഴിഞ്ഞു എന്നോട് സെല്ലിലോട്ടു പോകുന്നവരുടെ വരിയില്‍ നില്‍ക്കുവാന്‍ വേണ്ടി പറഞ്ഞു ഞാന്‍ സെല്ലിലോട്ടു നടന്നു നീങ്ങി ,അപ്പോഴും എന്റെ കൂടെ ജോലി ചെയ്തിരുന്ന കൂട്ടുകാരനെ അവര്‍ മാറി നിറുത്തി എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു ..
ഇരുനൂറിലധികം പേര്‍ ഉള്ള ഒരു വലിയ മുറിയില്‍ ഞങ്ങളെ അടച്ചു അധികൃതര്‍ അഴികള്‍ പൂട്ടി .എങ്ങും ബഹളം മാത്രം ,വിവിധ ദേശക്കാര്‍ പല തരം ഭാഷകള്‍ ,ഇരിക്കാന്‍ പോലും ഇടമില്ല വേറെയും മലയാളികള്‍ ഉണ്ട് അല്പം സമാധാനമായി ...പല രാജ്യക്കാര്‍ തമ്മില്‍ തര്‍കിക്കുന്നു..പോലീസുകാര്‍ അങ്ങോട്ട് ശ്രധിക്കുന്നെ ഇല്ല ,അവിടെ കണ്ട മലയാളികളുടെ അടുത്തേക്ക് ഞങ്ങള്‍ നാലുപേരും നടന്നു അവരുമായി പരിചയപ്പെട്ടു അവിടെ ഒരു മൂലയില്‍ ഇടം കിട്ടി .പ്രാര്‍ത്ഥന സമയമായി എന്നാരൊക്കെയോ പറയുന്നത് കേട്ട് നേരം പുലരാറായി തുടങ്ങിയിരിക്കുന്നു ,ചിലര്‍ പ്രാര്‍ത്ഥിക്കുന്നു മറ്റുചിലര്‍ ഉറങ്ങുന്നു ചിലരോ അവരുടെ തര്‍ക്കം തുടര്‍ന് കൊണ്ടേയിരുന്നു ...ഇനി എന്തെന്നാലോചിച്ചു ഞങ്ങള്‍ നാല് പേരും മൂലയില്‍ ഒതുങ്ങി കൂടി .ശീതീകരിച്ച മുറി ആണെങ്കിലും തണുപ്പ് കൂട്ടി വെച്ച് ഞങ്ങളെ ശിക്ഷിക്കുകയാണ് ജയില്‍ അധിക്ര്തര്‍ തണുപെന്നു പറഞ്ഞാല്‍ കൊടും തണുപ്പ്.പല്ലുകള്‍ പരസ്പരം കൂട്ടിമുട്ടുവാന്‍ തുടങ്ങി ..
നേരം പുലര്‍ന്നു ജയില്‍ അധികൃതര്‍ മൂന്നു പേര്‍ ഞങ്ങളുടെ സെല്ലിലോട്ടു പ്രവേശിച്ചു .ഓരോരുത്തരെയും പേര് വിളിച്ചു മൂന്നായി തരംതിരിച്ചു ,ഞങ്ങള്‍ നാലുപേരും അപ്പോഴും ഒന്നിച്ചായിരുന്നു ഞങ്ങളുടെ കൂടെ അറുപതിലേറെ പേര്‍ വേറെയും ഞങ്ങളെ വേറെ ഒരു സെല്ലിലോട്ടു മാറ്റുവാന്‍ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് .. സെല്ലുകളിലോട്ടു നടന്നു നീങ്ങുന്നതിനിടയില്‍ വലിയ കുറ്റ കൃത്യങ്ങള്‍ ചെയ്ത കുറ്റവാളികളെ ചങ്ങലകളില്‍ ബന്ധിച്ചു ഇരുട്ടറകളില്‍ പൂട്ടിയിട്ടിരിക്കുന്നു ,ഭയാനകരമായ ആ കാഴ്ച എന്നെ വല്ലാതെ നടുക്കുന്നുണ്ടായിരുന്നു ,ആഴികള്‍ക്ക് അരികില്‍ വന്നു അവരുടെ ഭാഷകളില്‍ എന്തൊക്കെയോ വിളിച്ചു കൂവുന്നുണ്ടായിരുന്നു ഓരോ സെല്ലുകള്‍ക്ക് മുന്നിലൂടെ ഞങ്ങള്‍ വരിവരിയായി നടന്നു നീങ്ങി .ഒരു സെല്ലിലോട്ടു ഞങ്ങളോട് കേറുവാന്‍ പാലകന്റെ ആക്ഞ്ഞ ..ഞങ്ങള്‍ മുറിയില്‍ കേറിയതും അഴികള്‍ പൂട്ടി അവര്‍ നടന്നു .ഞങ്ങള്‍ ഒഴിവുള്ള സ്ഥലം നോക്കി അവിടെയുള്ള ചട്ട കടലാസുകളെടുത് നിലത്തു വിരിച്ചു നാല് പേരും അതില്‍ ഇരുന്നു . ഞങ്ങള്‍ പരസ്പരം പരിചയപെട്ടു തുടങ്ങി കേരളത്തിന്റെ നാല് ദിക്കിലും ഉള്ള നാല് പേര്‍ നാല്‍പതിനു മുകളില്‍ പ്രായം ഉള്ള രണ്ടുപേരും മുപ്പത്തഞ്ചു തോനിക്കുന്ന ഒരാളും ഇരുപത്തി നാലുകാരനായ ഞാനും .കൂട്ടത്തിലെ പയ്യന്‍... അല്ല ആ സെല്ലിലെ പയ്യന്‍ ......
സമയം ഉച്ചയോടടുക്കുന്നു ഭക്ഷണവുമായി രണ്ടു പേര്‍ ഞങ്ങളുടെ മുറിയില്‍ എത്തി ഭക്ഷണം കണ്ടതും ചിലര്‍തമ്മില്‍ തിരക്കാന്‍ തുടങ്ങി ഇത് കണ്ട പോലീസുകാരന്‍ വന്നു എല്ലാവരെയും തള്ളിമാറ്റി ഞങ്ങള്‍ ഇരിക്കുന്ന ഭാഗത്തേക്ക് നോക്കി ഞങ്ങളുടെ കൂട്ടത്തില്‍ നീളവും തടിയുമൊക്കെ തോനിക്കുന്ന പാലക്കാട്ടുകാരന്‍ ബഷിറിനെ വിളിച്ചു ,അവന്‍ അടുത്ത ചെന്നു. വേറെ രണ്ടുപേരെയും കൂടെ കൂട്ടി ഭക്ഷണം വിളമ്പുവാന്‍ പറഞ്ഞു .ബഷീര്‍ ഞങ്ങള്‍ക്കുള്ള ഭക്ഷണം ആദ്യമേ വിളമ്പി തന്നു അതും വേടിച്ചു ഞങ്ങള്‍ അവനെ കാത്തിരുന്നു .ബഷീര്‍ എത്തി ഞങ്ങള്‍ എല്ലാവരും ഒന്നിച്ചിരുന്നു കഴിക്കാന്‍ തുടങ്ങി ,ഭക്ഷണം കയിച്ചിട്ടു ഒന്നര ദിവസമായിരിക്കുന്നു വിശപ്പ അതിന്റെ ഉച്ച സ്ഥായിയില്‍ എത്തിയതിനാല്‍ ആ ഭക്ഷണത്തിന് നല്ല രുജിയായിരുന്നു .കഴിച്ചു കഴിഞ്ഞു ഞങ്ങള്‍ കടലാസുകള്‍ വിരിച്ചു ഉള്ള സ്ഥലത്ത് ഒന്ന് നിവര്‍ന്നു ,അപ്പോഴേക്കും തണുപ്പ അസഹ്യമായി കൊണ്ടിരുന്നു ബഷീര്‍ ഒരു പഴയ പുതപ്പ് എവിടെ നിന്നോ സങ്കടിപ്പിച്ചു ഞങ്ങള്‍ എല്ലാവരും അതില്‍ ചുരുണ്ട് കൂടി.
രണ്ടു ദിവസം കഴിഞ്ഞിരിക്കുന്നു ഞങ്ങള്‍ വരുമ്പോള്‍ ഉണ്ടായിരുന്ന പലരും നാട്ടിലോട്ടു യാത്രയയികൊണ്ടിരുന്നു പകരം പുതിയവര്‍ സെല്ലില്‍ നിറഞ്ഞു കൊണ്ടിരുന്നു ഓരോ അസുഖങ്ങള്‍ ഞങ്ങളെ വേട്ടയാടി കൊണ്ടിരുന്നു ,പനിയും ചുമയും അസഹ്യമായ തണുപ്പില്‍ ശരിര വേദനയും ,ശരിയായി പ്രാധമിക കര്‍മങ്ങള്‍ പോലും ചെയ്യാന്‍ കഴിയാതെ ഞങ്ങള്‍ കഴിച്ചു കൂട്ടി. പതിവ് പോലെ മുന്നാം ദിവസം രാത്രിയില്‍ ഞങള്‍ ഉറങ്ങാന്‍ കിടന്നു ബഷീര്‍ എന്റെ അടുത്താണ് കിടക്കുന്നത് അവന്റെ മുഖം ഞാന്‍ പലപ്പോയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു ഇത്രയൊക്കെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുമ്പോഴും അവന്റെ മുഖം എപ്പോഴും പ്രസന്നമായിരുന്നു ,അവനെപ്പോഴും ചെറുപുഞ്ചിരിയോടെ ഞങ്ങള്‍ക്കിടയില്‍ ഉണ്ടാവും ഒരു സ്വാന്തനമായി ..ഉറക്കം വന്നു തുടങ്ങിയിരിക്കുന്നു ഞാന്‍ ബഷിരിനോട് പറഞ്ഞു നിന്റെ കൈകള്‍ എന്റെ ദേഹത്തു വെക്കുമോ തണുപ്പ സഹിക്കുന്നില്ല പനിയും കൂടുതല്‍ ആണ് എന്നെ ഒരനുജന്‍ എന്നാ പോലെ ബഷീര്‍ കെട്ടി പിടിച്ചു കിടന്നു.. ബഷിറിന്റെ സാനിധ്യം സ്വാന്തനം അത് മാത്രമായിരുന്നു എനിക്ക് മരുന്നായി ഉള്ളു ..രാത്രിയുടെ യാമങ്ങളില്‍ ഞാനെപ്പോയോ മയങ്ങിപോയി ..
എന്റെ ശരീരത്തിലോട്ട് എന്തോ വീഴുന്നതുപോലെ; ഞാന്‍ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു എന്റെ വലതു കയ്യില്‍ വെള്ളത്തുള്ളികള്‍ ഒറ്റി ഒറ്റി വീഴുന്നു. ഞാന്‍ ഒന്ന് കൂടി സുക്ഷിച്ചു നോക്കി ;ആ വെള്ള തുള്ളികള്‍ ബഷിറിന്റെ കണ്ണുനീരുകള്‍ ആയിരുന്നു ..ബഷീര്‍
,ബഷീര്‍ " ഞാന്‍ അവന്റെ മുഖം നിവര്‍ത്തി...
.എന്ത് പറ്റി നിനക്ക് ഉറങ്ങുന്നത് വരെ ചിരിച്ചും തമാശ പറഞ്ഞും ഇരുന്ന നിനക്കിതെന്തു പറ്റി ,ഞാന്‍ പിന്നെയും അവനോടു ചോതിച്ചു എന്ത് പറ്റി നിനക്ക് പറയെടാ .............എനിക്ക് സങ്കടം വന്നു തുടങ്ങി ,അവന്‍ കണ്ണ് നീര്‍ തുടച്ചു എന്നോടെന്തോ പറയുവാനായ് അവന്റെ ചുണ്ടുകള്‍ പതിയെ മന്ത്രിച്ചു തുടങ്ങി ..................................
തുടരും .................


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ